വീട് ഇടിഞ്ഞുവീണ് അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ പാതിയില്‍ പണി നിര്‍ത്തിയ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് സംഭവം. സഹോദരങ്ങളായ ആദി(7), അജ്‌നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) ഗുരുതരമായി പരിക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികളുടെ വീടിന് സമീപത്തുള്ള പ്രദേശവാസിയുടെ വീടാണ് ഇടിഞ്ഞുവീണത്. ആൾ താമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം. എട്ട് വർഷം മുൻപ് പാതിവഴിയിൽ പണി നിലച്ച വീടാണിത്.
അപകടത്തിൽപെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വാഹനത്തിനായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നു. ഇതോടെ അടുത്തുള്ള വീട്ടിലെ സ്‌കൂട്ടറിലാണ് കുട്ടികളെ താഴേക്ക് എത്തിച്ചത്. അവിടെ നിന്നും വനം വകുപ്പിന്റെ വാഹനത്തിലാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്.
