മലപ്പുറം കോട്ടയ്ക്കലിൽ വൻ തീപിടിത്തം : രണ്ട് പേരെ രക്ഷപ്പെടുത്തി

0
9BdVSs7Ef7nOD5kLmMenzh4tSTukcBjvHNtWDZnj

മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. താല്‍കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്‌ളക്‌സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുളള കാര്യങ്ങളാണ് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് നടത്തുന്നത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പെണ്‍കുട്ടികള്‍ സ്ഥിരമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഒരു ഭാഗത്തെ തീ പൂർണമായും അണച്ചാണ് പെൺകുട്ടികളെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് പേരിൽ ഒരാൾക്ക് ചെറിയ തോതിൽ പരിക്കുകളുള്ളതായും ഇവരെ ആശുപത്രിയിൽ എത്തിച്ചതായും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരൻ പറഞ്ഞു.

തീ അണയ്ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങള്‍ ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. തീപിടിത്തമുണ്ടായ സ്ഥാപനത്തോട് ചേര്‍ന്ന് നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ തീ പടരുമോ എന്ന ആശങ്കയുമുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം വില്‍ക്കുന്ന സ്ഥാപനമാണ് ഇത്. അതിനാല്‍ തീ അണയ്ക്കുക ശ്രമകരമായ സാഹചര്യത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരും. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *