കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകും. തീരുമാനം നാളെയുണ്ടാകുമെന്നും വാർത്തകളുണ്ട്.
ഇതിന്റെ ഭാഗമായി കെ ജയകുമാറിന്റെ പേരിനാണ് മുൻഗണനയെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ 5 പേരുകളാണ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർ ജയകുമാറിന്റെ പേരിനാണ് മുൻഗണന നൽകിയതെന്നാണ് സൂചന. ജയകുമാറുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും സൂചനകളുണ്ട്. നിലവിലെ പ്രസിഡന്റ് പി പ്രശാന്തിനു കാലാവധി നീട്ടിനൽകേണ്ടതില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ദേവസ്വം പ്രസിഡന്റിനെ തീരുമാനിച്ചുവെന്നും എന്നാൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ആയിരിക്കില്ലെന്നും പുതിയ ആൾ ആയിരിക്കുമെന്നും സിപിഎം സെസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ മണ്ഡല, മകര വിളക്ക് തീർഥാടന കാലം ഈ മാസം 16നു ആരംഭിക്കാനിരിക്കെ ഏറ്റവും വേഗത്തിൽ ദേവസ്വം ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ശബരിമലയിൽ മുൻകാലങ്ങളിൽ പ്രവൃത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനാണ് ജയകുമാർ. ബഹുമുഖ പ്രതിഭയായ അദ്ദേഹം ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
