മദ്യപിച്ചവരെ അകറ്റി നിര്‍ത്താന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വര്‍ക്കലയില്‍ 19 വയസ്സുകാരിയെ മദ്യപന്‍ ട്രെയിനില്‍ നിന്നും ചവിട്ടി വീഴ്ത്തിയ സംഭവത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയും കരുതല്‍ വര്‍ധിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധത്തില്‍ മദ്യപിച്ചെത്തുന്നവരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രിയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് ബസില്‍ കയറാന്‍ ശ്രമിക്കുന്നവരെ തുടക്കത്തില്‍ തന്നെ തടയണം എന്നാണ് നിര്‍ദേശം. മദ്യത്തിന്റെ മണം, മോശം സമീപനം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വനിതാ യാത്രികര്‍ പരാതിപ്പെട്ടാല്‍, ഉടന്‍ തന്നെ വണ്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് തുടർനടപടികൾ സ്വീകരിക്കണം എന്നും കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
