എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്

0
SUPRE COURT

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തില്‍ നടപ്പാക്കുന്ന എസ്‌ഐആറിനെ നിയമപരമായി നേരിടാന്‍ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്‌ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ് ഐ ആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *