ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
ചേർത്തല: ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികളെ ചേർത്തല പോലീസ് പിടികൂടി. ചേർത്തല പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളെയാണ് പോലീസ് പിടികൂടിയത്. ചേർത്തല മുനിസിപ്പാലിറ്റി വാർഡ് 8 ൽ കൂമ്പായിൽ വീട്ടിൽ 30 വയസ്സുള്ള അഭിറാം, ചേർത്തല മുൻസിപ്പാലിറ്റി വാർഡ് 8 ൽ ചിറ്റേഴുത്ത് വീട്ടിൽ 23 വയസ്സുള്ള ദീപേഷ് ദീപു എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിൽ നിന്ന് കാപ്പ ഉത്തരവ് പ്രകാരം നാടുകടത്തിയ പ്രതികളാണ് ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അക്രമ സംഭവങ്ങൾ നഗരത്തിൽ അഴിച്ചുവിട്ടത്. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
