ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ കണ്ടെടുത്തത്. 1999 ല്‍ യുബി ഗ്രൂപ്പ് ചെയർമാനായ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് എസ് ഐ ടി പിടിച്ചെടുത്തത്.
അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് രേഖകള്‍ കൈമാറിയിരുന്നില്ല. പഴയ രേഖകൾ ആയതിനാല്‍ എവിടെയാണെന്ന് കണ്ടില്ലെന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥരുടെ മറുപടി.
ഇതോടെയാണ് അന്വേഷണ സംഘം നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. റെക്കോഡ് റൂമുകളില്‍ നടത്തിയ പരിശോധനയിലാണ് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് രേഖകള്‍ കണ്ടെടുത്തത്.ദേവസ്വം ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയായിരുന്നു പരിശോധന. 1999 പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവും വിവരങ്ങളുമടങ്ങിയ രേഖകളാണ് പിടിച്ചെടുത്തത് എന്നാണ് സൂചന. ചെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അടിയന്തര പരിശോധന നടത്തിയത്.
