ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കരുത്: മുന്നറിയിപ്പുമായി ആര്‍പിഎഫ്

0
TRAIN GRA

ചെന്നൈ: ട്രെയിനുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയില്‍വേ സംരക്ഷണ സേന. മൊബൈല്‍ വീണുപോയെന്ന പേരില്‍ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. ഇത്തരം ഇടപെടലുകള്‍ക്ക് 1000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ആര്‍പിഎഫിന്റെ മുന്നറിയിപ്പ്. യാത്രക്കാര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അടുത്തിടെ ഇത്തരത്തില്‍ ട്രെയിനുകളുടെ യാത്ര തടസപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് പുതിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.

യാത്രയിക്കിടെ മൊബൈല്‍ ഫോണ്‍ പുറത്തേയ്ക്ക് വീഴുന്ന സാഹചര്യം ഉണ്ടായാല്‍ സ്ഥലം ശ്രദ്ധിക്കുകയും വിവരം റെയില്‍വേ അധികാരികളെ അറിയിക്കുകയുമാണ് വേണ്ടത്. റെയില്‍വേ അധികൃതര്‍, റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണ സേന എന്നിവയില്‍ വിവരം കൈമാറാം. ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 , 182 എന്നിവ മുഖേനെയും വിവരം അറിയിക്കാം. പരാതിയോടൊപ്പം ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കുകയും വേണം.

പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സംരക്ഷണ സേന പരിശോധന നടത്തി നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തി നല്‍കുമെന്നും ആര്‍പിഎഫ് അറിയിച്ചു. എന്നാല്‍, ട്രെയിന്‍ യാത്രയ്ക്കിടെ മോഷണ ശ്രമം ഉണ്ടായാല്‍ അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ലെന്ന് ആര്‍പിഎഫ് പറയുന്നു. മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ അപയച്ചങ്ങല ഉപയോഗിക്കാമെന്നാണം നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *