സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കും : ഹൈക്കോടതി
കൊച്ചി: സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി നിരീക്ഷണം. അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നതു ശീലമാക്കിയ ഭര്‍ത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണു നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാന്‍ കഴിയണമെന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കിയില്ലെന്ന പേരില്‍ ഹര്‍ജി തള്ളാനാവില്ല. പരസ്പരവിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭര്‍ത്താവ് കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുകയും വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോള്‍ ഭാര്യയ്ക്ക് കടുത്ത മാനസിക വേദനയും അപമാനവുമാകുമെന്നും കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവ് പുറത്തുപോകുമ്പോള്‍ മുറി പൂട്ടുകയാണെന്നും തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഭര്‍ത്താവിന്റെ സാന്നിധ്യത്തിലല്ലാതെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ഭാര്യയുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരില്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
