വിജയ് നല്കിയ 20 ലക്ഷം തിരികെ നല്കി മരിച്ചയാളുടെ ഭാര്യ
ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്കിയ 20 ലക്ഷം രൂപ തിരിച്ചു നല്കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. റാലിയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരൂരിലെത്തി കാണും എന്ന വാഗാദാനം വിജയ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മയുടെ നടപടി. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് സംഗവി ട്രാന്‍സ്ഫര്‍ ചെയ്തെന്നാണ് വിവരം.കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഗവിയുടെ നടപടി. രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ ഞങ്ങളോട് സംസാരിച്ചു,
ഞങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത്. പണത്തെക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു. സംഗവിയുടെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു.
