അടിമാലി മണ്ണിടിച്ചില്‍ ദുരന്തം : പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

0
SANDHYA ADIMA

ഇടുക്കി : അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികൃതര്‍ ആരും വിളിക്കുന്നില്ലെന്നും സന്ധ്യയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

അടിമാലി കൂമ്പന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പള്ളിക്കുടിയില്‍ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനകം അപകടം സംഭവിക്കുകയായിരുന്നു.രാത്രി 10.20നുണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *