കുട്ടിയെ വിൽക്കാൻ ശ്രമിച്ച അച്ഛനുൾപ്പെടെ 3 പേർ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുട്ടിയെ വിൽക്കാൻ ശ്രമിച്ച സംഭവം. അച്ഛനുൾപ്പെടെ 3 പേർ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിനുണ്ടായിരുന്ന കടം വീട്ടാനായാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ആയ അസം സ്വദേശിയും , ഇടനിലക്കാരനായ യുപി സ്വദേശിയും കുട്ടിയെ വാങ്ങാൻ എത്തിയ ഈരാറ്റുപേട്ടയിൽ ജോലി ചെയ്യുന്ന യുപി സ്വദേശിയുമാണ് നിലവിൽ കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങളുടെ തുടക്കം.
നാല് വർഷം മുൻപാണ് അസം സ്വദേശിയായ കുട്ടിയുടെ പിതാവ് കുമ്മനത്ത് ജോലിക്കായി എത്തിയത്. തുടർന്ന് ഒന്നര മാസം മുൻപ് കുട്ടിയുടെ മാതാവും നാല് വയസുകാരനായ സഹോദരനും കുമ്മനത്ത് എത്തി. 12 ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കുമ്മനത്തെ വീട്ടിലാണ് പ്രതിയും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്. രണ്ട് ദിവസം മുൻപാണ് തന്റെ കടം വീട്ടാനെന്ന പേരിൽ അസം സ്വദേശിയായ പിതാവ് ഇടനിലക്കാരനായ ബാർബർഷോപ്പ് ജീവനക്കാരനെ സമീപിച്ചത്.
യുപി സ്വദേശിയായ ഈ ബാർബർഷോപ്പ് ജീവനക്കാരന്റെ ഇടപെടൽ വഴിയാണ് മറ്റൊരു യുപി സ്വദേശിയായ ആളെ കുട്ടിയെ വാങ്ങാനായി കണ്ടെത്തുന്നത്. കുട്ടിയെ വാങ്ങാനെത്തിയ യുപി സ്വദേശിയായ അതിഥി തൊഴിലാളിയ്ക്ക് നിലവിൽ മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. ഒരു ആൺ കുട്ടിയെ കൂടി ലഭിക്കാനായാണ് ഇയാൾ അസം സ്വദേശിയിൽ നിന്നും കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്. അരലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച ശേഷം കഴിഞ്ഞ ദിവസം 1000 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. ഇതിന് ശേഷം ഇന്നലെ കുട്ടിയെ കൈപ്പറ്റാനായി ഇയാൾ കുടുംബം താമസിക്കുന്ന കുമ്മനത്തെ വീട്ടിൽ എത്തി.
എന്നാൽ, കുട്ടിയുടെ മാതാവിന്റെ എതിർപ്പിനെ തുടർന്ന് കുട്ടിയെ കൈമാറാൻ സാധിച്ചില്ല. കുമ്മനത്തെ വീട്ടിൽ നിന്നും മറ്റുള്ളവർ എല്ലാം ജോലിയ്ക്ക് പോയ ശേഷം ഞായറാഴ്ച പകൽ എത്തണമെന്ന ധാരണയിലാണ് ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശിയെ പിതാവ് ഇന്നലെ മടക്കിയത്. ഈ ധാരണ തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ മാതാവ് ഒപ്പം താമസിക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ പറയുകയായിരുന്നു. ഇവരാണ് വിവരം തിരുവാർപ്പ് പഞ്ചായത്തംഗം ബുഷ് റ തൽഹത്തിനെ അറിയിച്ചത്. പഞ്ചായത്തംഗവും ഭർത്താവ് തൽഹത്തും ചേർന്ന് വിവരം കുമരകം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയെ അറിയിച്ചു.
തുടർന്ന് പൊലീസ് സംഘം അതിവേഗം സ്ഥലത്ത് എത്തുകയും കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതിന് ശേഷം കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തുകയും, കുട്ടിയെ വിൽക്കാൻ ഇടനില നിന്ന ബാർബർ ഷോപ്പ് ഉടമയെ കണ്ടെത്തുകയും ചെയ്തു. ഇയാളെ പിടികൂടിയതോടെയാണ് കുമ്മനത്ത് തന്നെയുണ്ടായിരുന്ന കുട്ടിയെ വാങ്ങാൻ എത്തിയ യുപി സ്വദേശിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘം മൂന്നു പ്രതികളുടെയും അറസ്റ്റും രേഖപ്പെടുത്തി.
