വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം
തിരുവനന്തപുരം : കോർപ്പറേഷനിലെ വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം. നിയമങ്ങൾ കാറ്റിൽപ്പറത്തി വാർഡുകൾ രാഷ്ട്രീയലക്ഷ്യം മാത്രംവെച്ച് പുനർവിഭജനം നടത്തിയെന്നാണ് പരാതി. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ തീരദേശ വാർഡുകൾ വെട്ടിനിരത്തി. ജനസംഖ്യാനുപാതമെല്ലാം കാറ്റിൽപ്പറത്തിയാണ് പല വാർഡുകളും ഇല്ലാതാക്കി സമീപ വാർഡുകളോട് കൂട്ടിച്ചേർത്തത്. അതേസമയം പുതുതായി ഉണ്ടാക്കിയ പല വാർഡുകളിലും വേണ്ടതിന്റെ പകുതി ജനസംഖ്യയില്ല.
ഡിലിമിറ്റേഷൻ കമ്മിഷൻ മേയ് മാസത്തിലാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓക്ടോബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിരവധി മാറ്റങ്ങൾ വന്നതായാണ് പരാതി. ഡിലിമിറ്റേഷൻ കമ്മിഷന്റെ കണക്കിൽ കോർപ്പറേഷനിലെ മൊത്തം ജനസംഖ്യ 9,66,802 ആണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വന്നപ്പോൾ ഇത് 8,21,903 ആയി കുറഞ്ഞു. ഡിലിമിറ്റേഷൻ കമ്മിഷന്റെ കണക്കിൽ എട്ട് വാർഡുകളിൽ വോട്ടർമാർ കൂടുതലും ഏഴ് വാർഡുകളിൽ കുറവുമാണുണ്ടായിരുന്നത്.
യുഡിഎഫിനും ബിജെപിക്കും ജയസാധ്യതയുള്ള വാർഡുകളാണ് ജനസംഖ്യപോലും പരിഗണിക്കാതെ തലങ്ങും വിലങ്ങും വെട്ടിയത്. ഇടതുപക്ഷത്തിനു സ്വാധീനമുള്ള കഴക്കൂട്ടം മണ്ഡലത്തിൽ ആറ് വാർഡുകളാണ് പുതുതായി ഉണ്ടാക്കിയത്. ഇതിൽ പലതിലും അനുവദനീയമായതിന്റെ പകുതി വോട്ടർമാർപോലുമില്ല.
