ചീപ്പുപാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ
പരവൂർ : അപകടാവസ്ഥയും കാലപ്പഴക്കമുള്ള പൊഴിക്കര ചീപ്പുപാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. പാലത്തിനു ബലക്ഷയം ഉണ്ടാകുന്നുണ്ടാകുമെന്ന് സംശയത്താലാണ് പ്രദേശവാസികൾ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാവിലെ കൗൺസിലർ വിമലാംബികയുടെ നേതൃത്വത്തിൽ പത്തോളം സ്ത്രീകൾ ടിപ്പർലോറി തടഞ്ഞു മുന്നറിയിപ്പുനൽകി. കൗൺസിലർ നേരത്തേ പരവൂർ പോലീസിൽ പരാതിയും നൽകിയിരുന്നു. പാലത്തിനു ബലക്ഷയമുള്ളതിനാൽ വലിയവാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞ് തുറമുഖവകുപ്പ് നേരത്തേ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ആരോ എടുത്തുകളഞ്ഞു. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണുമായാണ് ടിപ്പർലോറികൾ ഇതുവഴി വരുന്നത്. ടാർമിക്സിങ് ലോറിയും പൊഴിക്കര തീരദേശപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. പാലത്തിന്റെ സമീപത്തെ വളവിൽ വലിയവാഹനത്തിന് തിരിയുന്നതിനും പ്രയാസമാണ്. തീരദേശംമുതൽ ചീപ്പുപാലംവരെ റോഡിന് വീതികുറവാണ്. വാഹനമിടിച്ച് പാലത്തിനു സമീപമുള്ള വൈദ്യുതത്തൂൺ വീഴാറായനിലയിലാണ്.
