രാഷ്ട്രീയ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരുമായി പ്രത്യേകമായി കൂടിക്കാഴ്ചയെന്ന് പരാതി

കണ്ണൂർ: രാഷ്ട്രീയ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കും സിപിഎം നേതാക്കൾക്കും സെൻട്രൽ ജയിലിൽ തടവുകാരുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയതായി ആക്ഷേപം. പെരിയ ഇരട്ടക്കൊലക്കേസിലും സി.സദാനന്ദൻ വധശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവരെ കാണാനാണ് ഓഫീസിൽ പ്രത്യേക സൗകര്യമൊരുക്കിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം ജയിൽ ഡിജിപിക്ക് പരാതി ലഭിച്ചു.
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്നവരെ കാണാനെത്തിയ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും തടവുകാർക്ക് സാധാരണ അനുവദിക്കാറുള്ള മുറിക്ക് പുറത്ത് കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയെന്നാണ് പരാതിയിലുള്ളത്. സി.സദാനന്ദൻ വധശ്രമക്കേസിൽ ശിക്ഷയനുഭവിക്കുന്നവരെ കാണാനെത്തിയ നേതാക്കൾക്കും സമാന സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം നിലനിൽക്കുന്നത്.