ശുദ്ധജല വിതരണ പദ്ധതിയ്ക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാര യോ​ഗ്യമാക്കുന്നില്ല

0
nagaroor

 

നഗരൂർ : ശുദ്ധജല വിതരണ പദ്ധതിയ്ക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാര യോ​ഗ്യമാക്കുന്നില്ല. നഗരൂർ-കല്ലമ്പലം റോഡ്, നഗരൂർ-കാരേറ്റ് റോഡ് എന്നീ റോഡുകളുടെ വശങ്ങളാണ് വെട്ടിപ്പൊളിച്ചിട്ട് നന്നാക്കാൻ വൈകുന്നത്. ജലജീവൻ മിഷൻ പദ്ധതിക്കുവേണ്ടിയുള്ള പൈപ്പുകൾ സ്ഥാപിക്കാനാണ് റോഡ് പൊളിച്ചത്. നഗരൂർ-കല്ലമ്പലം റോഡും നഗരൂർ-കാരേറ്റ് റോഡും അന്താരാഷ്ട്രനിലവാരത്തിൽ ടാർ ചെയ്തിരുന്നതാണ്. കോടികൾ മുടക്കി ടാർചെയ്ത റോഡുകൾക്ക് ഒരുവർഷംപോലും ആയുസ്സുണ്ടായില്ല. അതിനിടെ റോഡിന്റെ വശം പൈപ്പിടാനായി വെട്ടിക്കുഴിച്ചു. ടാർചെയ്തിരുന്നതിന്റെ പകുതിയോളം ഭാഗമാണ് പലയിടത്തും കുഴിച്ചത്. ആറുമാസത്തിനുള്ളിൽ റോഡ് പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒന്നരവർഷം പിന്നിട്ടിട്ടും വെട്ടിക്കുഴിച്ച ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞിട്ടില്ല. പൈപ്പിട്ടുകഴിഞ്ഞ ഭാഗം ടാറിട്ടഭാഗത്തുനിന്നും താഴ്ന്ന നിലയിലാണ്. ഇതുനിമിത്തം ഇരുചക്രവാഹനയാത്രക്കാരും ഓട്ടോറിക്ഷകളിൽ സഞ്ചരിക്കുന്നവരും ഏറെ ബുദ്ധിമുട്ട് അമുഭവിക്കുന്നു. എതിർദിശയിൽ വലിയ വാഹനങ്ങൾ വന്നാൽ കുഴികളിലേക്കിറക്കേണ്ടിവരും. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

നഗരൂർ-കാരേറ്റ് റോഡിന് വീതി വളരെ കുറവാണ്. വശത്ത് കുഴികൂടി ആയതോടെ യാത്രക്കാർ ഇവിടെ വലിയ ദുരിതമാണ് നേരിടുന്നത്. വെട്ടിപ്പൊളിച്ച റോഡ് നന്നാക്കുന്നതിനുള്ള തുക ജല അതോറിറ്റി പൊതുമരാമത്തുവകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാൽ, ജല അതോറിറ്റിയുടെ പണി പൂർത്തിയായെന്ന് പൊതുമരാമത്തുവകുപ്പിനെ രേഖാമൂലം അറിയിച്ചാലേ പൊതുമരാമത്തുവകുപ്പിന് റോഡിന്റെ പണികളിലേക്കു കടക്കാൻ കഴിയൂ എന്നാണ് സൂചന.റോഡുകൾ അടിയന്തരമായി പഴയ നിലവാരത്തിൽ ടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ജനകീയ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *