ഗ്രൗണ്ടിൽ കൊടുങ്കാറ്റായി കണ്ണൂർക്കാരൻ: ശരീരത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച ആത്മദൃഢനിശ്ചയം

തിരുവനന്തപുരം: ആത്മനിശ്ചയത്തിന്റെ കൊടുംങ്കാറ്റിയി അഭിനന്ദ്. ആദ്യമൊന്നും മനസ്സെത്തുന്നിടത്ത് ശരീരം എത്തിയില്ലെങ്കിലും തോറ്റുപിന്മാറാൻ അഭിനന്ദ് തയ്യാറായില്ല. ആത്മദൃഢനിശ്ചയത്തിലൂടെ വെല്ലുവിളികളെയെല്ലാം പിന്നിലാക്കി അവൻ ബൂട്ടണിഞ്ഞു. ഇപ്പോഴിതാ കായിക മേളയിൽ ഇൻക്ലൂസിവ് ഫുട്ബോളിൽ കണ്ണൂർ ടീമിൻ്റെ മുന്നേറ്റനിരയിലെ കുന്തമുനയാണ് ഈ 10-ാം ക്ലാസുകാരൻ. കണ്ണൂർ പാണപ്പുഴ കാഞ്ഞിരക്കാട്ട് സജി കുമാറിന്റെയും സൗമ്യയുടെയും മകനാണ് മാതമംഗലം ജിഎച്ച്എസ്എസിലെ വിദ്യാർഥിയായ അഭിനന്ദ്. 4-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരത്തെ വിറകൊള്ളിക്കുന്ന അപൂർവ ജനിതകരോഗത്തിൻ്റെ ലക്ഷണങ്ങൾ ആദ്യമായി ശ്രദ്ധിക്കുന്നത്. ബെംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ‘ജനറൽ ഡിസ്റ്റോണിയ’ എന്ന രോഗം സ്ഥിരീകരിച്ചു. വളരുംതോറും വിറയൽ കൂടുമെന്നതാണ് ഈ രോഗത്തിൻ്റെ മറ്റൊരു വശം. ചികിത്സയുണ്ടെങ്കിലും പൂർണമായി രോഗം മാറില്ലെന്ന് പിതാവ് പറയുന്നു. മകൻ്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തുണയായി മുഴുവൻ സമയവും പിതാവ് സജി കുമാർ ഒപ്പമുണ്ട്. സ്കൂൾ അധികൃതരും കോച്ചുമെല്ലാം ഉറച്ച പിന്തുണയുമായി അഭിനന്ദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
‘മെസിയെയാണ് അവന് ഇഷ്ടം. സ്കൂൾ വിട്ട് കഴിഞ്ഞാൽ മെസ്സുയുടെ പേരെഴുതിയ ജേഴ്സിയുമണിഞ്ഞ് കളിക്കാനിറങ്ങും. ഫുട്ബോളിനോടുള്ള ഇഷ്ടം അവൻ്റെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ടിവിയിലിരുന്നും ഫുട്ബോൾ മത്സരങ്ങൾ കാണും. ടിവിയിൽ ഫുട്ബോൾ ഉണ്ടെങ്കിൽ പിന്നെ സിനിമ പോലും കാണാൻ സമ്മതിക്കില്ല. അവൻ നന്നായി ഫുട്ബോൾ കളിക്കും. നാട്ടിലുള്ള കുട്ടികളെല്ലാം അവനെ ഒപ്പം ചേർക്കും. അസുഖം ഭേതപ്പെടാൻ ഒരു ശസ്ത്രക്രിയ നടത്താൻ 15 ലക്ഷങ്ങൾ വേണം. രോഗം 30 ശതമാനം വരെ സുഖപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പല സംഘടനകളും സഹായവുമായി എത്തി. ശസ്ത്രക്രിയ സങ്കീർണമാണെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് സജി പറഞ്ഞു.
ഇത്തവണ അഭിനന്ദിൻ്റെ ടീം വാശിയോടെ പൊരുതിയെങ്കിലും പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം കായിക മേളയിലും അഭിനന്ദ് മത്സരിച്ചിരുന്നു. ഇൻക്ലൂസീവ് വിഭാഗത്തിന്റെ സ്റ്റാൻഡ് ബോർഡ് ജംപിൽ 4-ാം സ്‌ഥാനത്ത് എത്തുകയും ചെയ്തു