ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ഗൂഢാലോചനയുടെ കൂടുതൽ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോൾ കിട്ടുമെന്നാണ് എസ്ഐടിയുടെ കരുതുന്നത്. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. തട്ടിപ്പിൽ ഉൾപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകാനാണ് സാധ്യത. പ്രതിപ്പട്ടികയിൽ ചേർത്ത 9 പേരും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക നിരീക്ഷണത്തിലും വലയത്തിലുമാണ്. അതിനാൽ തന്നെ കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശിൽപങ്ങളിലെ സ്വർണം പതിച്ച പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
2019 ജൂൺ 17-നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശിൽപങ്ങളിൽ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർക്ക് നൽകിയത്. തുടർന്ന് സ്വർണംപൂശലിനായി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി. 2024-ൽ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശിൽപങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാർശ. എന്നാൽ, ദേവസ്വം ബോർഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും സ്വർണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മറ്റ് ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധന റിപ്പോർട്ടിലും ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളതിനാൽ മുരാരിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ തട്ടിപ്പുകളും പുറത്തുവാരാനാണ് സാധ്യത