പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

0
AMBALAPUZHA

അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ മുന്നോട്ടുവച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായി ഉന്നതതലയോഗം ചേരും. ആലപ്പുഴ മുനിസിപ്പൽ തൊഴിലാളികളുടെ പട്ടയപ്രശ്നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെയും പട്ടയ വിതരണത്തിന്റെയും ഉദ്ഘാടനവും ആലപ്പുഴ പടിഞ്ഞാറ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും വലിയകുളം ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .

അമ്പലപ്പുഴ മണ്ഡലത്തോടൊപ്പം കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വികസന കൊടുങ്കാറ്റ് വീശിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വരുന്ന നവംബർ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ചരിത്ര നേട്ടത്തിലേക്ക് കടക്കുകയാണ്. ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന നയത്തിന്റെ ഭാഗമായി നാല് ലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടു പട്ടയങ്ങൾ (409998) വിതരണം ചെയ്തു കഴിഞ്ഞു. ഇതുവരെ ലൈഫ് മിഷൻ പദ്ധതി വഴി നാലുലക്ഷത്തി അമ്പത്തിനാലായിരം (4,54,000) വീടുകൾ നിർമ്മിച്ചു നൽകി. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ വീടുകളുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തിൽ എത്തിക്കും. സംസ്ഥാനത്ത് 632 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി കഴിഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ പഴവീട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.കേരളപ്പിറവി ദിനത്തോടെ കേരളം ഡിജിറ്റൽ സ്മാർട്ട് റവന്യൂ കാർഡിലേക്ക് പ്രവേശിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. റവന്യൂ സംബന്ധമായ എല്ലാ രേഖകളും ഒറ്റ കാർഡിലേക്ക് മാറ്റുന്ന ഡിജിറ്റലൈസേഷൻ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കും എന്നും റവന്യൂ മന്ത്രി പറഞ്ഞു.

എച്ച് സലാം എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1809 കോടി രൂപയുടെ വികസനമാണ് അമ്പലപ്പുഴ മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നതെന്ന് എച്ച് സലാം പറഞ്ഞു. പൂർത്തിയാക്കിയ നിരവധി പദ്ധതികളുടെ ഉദ്ഘാടനം ഇന്നത്തെ വികസന മഹോത്സവത്തോടെ ആരംഭിച്ചതായും 31 വരെ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 45 റോഡുകളുടെ ഉദ്ഘാടനം, നാല് വലിയ ജലസംഭരണികളുടെ ഉദ്ഘാടനം,മൂന്നു സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം, മൂന്ന് അംഗനവാടികളുടെ ഉദ്ഘാടനം എന്നിവയും ഇതിൽ ഉൾപ്പെടും.

ആലപ്പുഴ ജില്ലയിൽ ഇതിനകം 34 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയിട്ടുണ്ട്. ഇരുപതെണ്ണം നിർമ്മാണ ഘട്ടത്തിലും ആണ്. 2021 മുതൽ 2025 വരെ ജില്ലയിൽ 1458 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ , വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ എസ് കവിത, എംആർ പ്രേം, വാർഡ് കൗൺസിലർ മാരായ ഇല്ലിക്കൽ കുഞ്ഞുമോൻ, സിമി ഷാഫി ഖാൻ,പ്രഭാ ശശികുമാർ, എ ഡി എം ആശ എബ്രഹാം,
അജയ് സുധീന്ദ്രൻ, ആർ സുരേഷ്, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി, എ എം നൗഫൽ,മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *