കഞ്ചാവ് വിൽക്കാനെത്തിയ കോഴിക്കോട് സ്വദേശിയെ കഞ്ചാവുമായി ചെങ്ങന്നൂർ പോലീസ് പിടികൂടി

ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനു സമീപം ചില്ലറവിൽപ്പനയ്ക്കുള്ള കഞ്ചാവും കയ്യിൽ കരുതി ആവശ്യക്കാരെ കാത്തു നിന്ന കോഴിക്കോട് സ്വദേശിയെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടിയത്തൂർ ദേശത്ത് നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും ഒരു ബാഗിൽ സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടികൂടി. ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നതാണ് കഞ്ചാവെന്ന് ഇയാൾ പറഞ്ഞു. ഇയാൾ സഞ്ചരിച്ചു വന്ന മോട്ടോർസൈക്കിളും പിടിച്ചെടുത്തു.
ഇന്നലെ 10-10-2025 നൈറ്റ് പെട്രോളിംഗിനിറങ്ങിയ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനു മുൻവശം കൊടുവള്ളി രജിസ്ട്രേഷനിലുള്ള ബൈക്കിൽ നിൽക്കുകയായിരുന്ന യുവാവിനെ സംശയം തോന്നുകയും ഇയാളുടെ ബാഗും മറ്റും പരിശോധിച്ച് കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പ്രതി ചെങ്ങന്നൂർ പ്രദേശത്ത് കഞ്ചാവ് വിൽപനയിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയായി തിരുവൻവണ്ടൂർ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയതായി പോലീസ് പറഞ്ഞു.