ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ

എറണാകുളം : 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28) പള്ളിപ്പുറം കോലോത്തും കടവ് തെക്കേടത്ത് വീട്ടിൽ ഗൗതം കൃഷ്ണ (22) കോലോത്തും കടവ് മണ്ണുംതറ സുമിത്ത് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്നാണ് കൊണ്ടുവന്നത്. തൃശ്ശൂരിൽ തീവണ്ടിയിറങ്ങി ഓട്ടോയിലാണ് പറവൂർ ഭാഗത്തേക്ക് എത്തിയത്. പോലീസ് പിടിക്കാതിരിക്കാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര. മൂത്തകുന്നം പാലത്തിൽ വച്ചണ് പോലീസ് മയക്കുമരുന്ന് കടത്ത് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
പ്രത്യേകം കവറിൽ പായ്ക്ക് ചെയ്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.. പിടികൂടിയ ഹാഷിഷ് ഓയിൽ ഗ്രാമിന് 5000 രൂപ വില വരും. ഇവരിൽ നിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ മുനമ്പം ഡി.വൈ.എസ്.പി എസ് ജയകൃഷ്ണൻ വടക്കേക്കര ഇൻസ്പെക്ടർ കെ. ആർ ബിജു എന്നിവരും അന്വേഷണത്തിൽ ഉണ്ടായിരുന്നു.