ഇന്ന് ഗാന്ധി ജയന്തി

0
GANDHI

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനമാണ് ഒക്ടോബര്‍ രണ്ടിന് രാജ്യം കൊണ്ടാടാന്‍ പോകുന്നത്. ഒരു ആയുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.

1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മൂന്നു പുത്രന്മാരില്‍ ഇളയവനായി ഗുജറാത്തിലെ പോര്‍പന്തറില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. പതിമൂന്നാമത്തെ വയസില്‍ (1881) പോര്‍ബന്ദറിലെ വ്യാപാരിയായ ഗോകുല്‍ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ മോഹന്‍ദാസ് വിവാഹം കഴിച്ചു. 1887-ല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ മോഹന്‍ദാസ് പിന്നീട് ഭവനഗറിലെ സമല്‍ദാസ് കോളേജില്‍ പഠനം തുടര്‍ന്നു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബറില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി.

അഭിഭാഷകനായ മോഹന്‍ദാസ് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്കും തിരിച്ചെത്തി. 1915 ല്‍ ആയിരുന്നു ഇത്. ഈ സമയം രാജ്യത്ത് സ്വാതന്ത്ര്യദിന സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. രബീന്ദ്രനാഥ ടാഗോര്‍ അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഗാന്ധിജി സത്യഗ്രഹം, അഹിംസ തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഖാദി പ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ആവേശം പകര്‍ന്നു. ഗാന്ധിജിയുടെ ആഹ്വാനങ്ങള്‍ക്കായി രാജ്യം കാതോര്‍ത്തിരുന്നു.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ മഹാത്മാ ഗാന്ധിയ്ക്ക് പക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ ഒരു വര്‍ഷം പോലും തികച്ച് ജീവിക്കാനായില്ല. 1948 ജനുവരി 30 ന് നഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *