ഈറോഡ് കെ. രാജാമണി ഭാഗവതരുടെ സാമ്പ്രദായിക ഭജന അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി

റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ
അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി, ചൊവ്വാഴ്ച ശരന്നവരാത്രി മണ്ഡപത്തിൽ സംഗീതവിദ്വാൻ ഈറോഡ് കെ. രാജാമണി ഭാഗവതർ പാടി. തമിഴിലെ അതിപ്രശസ്തങ്ങളായ സാമ്പ്രദായിക ഭജനകീർത്തനങ്ങളും ശങ്കരാചാര്യ കൃതികളും അഭംഗുകളും കർണ്ണാടകസംഗീത കൃതികളും ഉൾപ്പെടുത്തിയ ആലാപനം രണ്ടരമണിക്കൂറോളം നീണ്ടു. കാലടി ശൃംഗേരി ശങ്കരമഠത്തിൽ ആസ്വാദകരായി എത്തിയത് നൂറുകണക്കിനാളുകൾ.
കാലടി : ആദിശങ്കര ജന്മഭൂമിക്ഷേത്രമായ കാലടി ശൃംഗേരി ശങ്കരമഠത്തിലെ ശ്രീശാരദാ ശരന്നവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനമായ
ചൊവ്വാഴ്ച വൈകിട്ട് സാമ്പ്രദായിക ഭജന രംഗത്ത് പ്രശസ്തനായ, ഈറോഡ് കെ. രാജാമണി ഭാഗവതരും സംഘവും അവതരിപ്പിച്ച ഭജന നടന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശങ്കരമഠത്തിന്റെ ചുറ്റുവട്ടപ്രദേശങ്ങളിലെല്ലാം വൈദ്യുതി ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിരുന്നു. പ്രവേശനകവാടത്തിൽ പ്രത്യേകം പന്തലുയർത്തിയാണ് ദീപാലംകൃതമാക്കിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരടക്കം നിരവധിപേരാണ് നവരാത്രിയാഘോഷത്തിൽ പങ്കെടുക്കാനായി നിത്യേന കാലടിയിലേക്കെത്തുന്നത്. കർണ്ണാടകത്തിലെ ശൃംഗേരി ശ്രീശാരദാ പീഠത്തിലെ ജഗദ്ഗുരു സംന്യാസി പരമ്പരയിലെ 36-ാമത്തെ ആചാര്യനായ ശ്രീശ്രീ ഭാരതീതീർത്ഥസ്വാമികളെക്കുറിച്ചും അദ്ദേഹത്തിന്റെ നിയുക്ത പിൻഗാമി ശ്രീശ്രീ വിധുശേഖരഭാരതി സ്വാമികളെക്കുറിച്ചും പ്രകീർത്തിച്ചുകൊണ്ടാണ് ഈറോഡ് രാജാമണിഭാഗവതർ നവരാത്രിമണ്ഡപത്തിൽ പാടിയത്.
ഭജനയുടെ ഇടവേളയിൽ അദ്ദേഹം നടത്തിയ ഹ്രസ്വപ്രഭാഷണത്തിൽ ആചാര്യസ്വാമികളുടെ ഗുരുപരമ്പരകളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
മനുഷ്യ ജന്മം തന്നെ പുണ്യമാണെന്നും ആ പുണ്യം യഥാര്‍ത്ഥതലത്തില്‍ അനുഭവിക്കണമെങ്കില്‍ നമുക്ക് ഒരു ഗുരു കൂടിയേ തീരൂ. എല്ലാ അറിവുകള്‍ക്കും കാരണം ഗുരുവാകുന്നു. വേണ്ടത് വേണ്ടിടത്ത് പറയുവാന്‍ ഗുരുവിന്റെ അനുഗ്രഹം കൂടിയേ തീരൂവെന്നും ഗുരു ഒരു വ്യക്തി മാത്രമല്ല അതൊരു തത്വമാണെന്നും ഭാഗവതർ പറഞ്ഞു. ആചാര്യസ്വാമികളുടെ അദ്വൈതപാതയിലുള്ളവരെല്ലാം ഗുരുപാരമ്പരയാണ്, അതുകൊണ്ടാണ് നാം ‘വന്ദേ ഗുരു പരമ്പരാം ‘എന്ന് പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. (ഈ ഭാഗത്ത് ഭാഗവതരുടെ സൗണ്ട് ബൈറ്റ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലൊ) ശ്രീശാരദാദേവീ സന്നിധിയിലും ശങ്കരാചാര്യ ഭഗവദ്പാദ സന്നിധിയിലും തൊഴാനായി അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ നിരവധി ഭക്തർ കാലടിയിലേക്കെത്തും. എല്ലാ ദിവസങ്ങളിലും പ്രഗത്ഭരായ നിരവധി കലാകാരന്മാരുടെ സംഗീതസദസ്സുകളും ഉണ്ടായിരിക്കും.