ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായ ആലപ്പുഴ സ്വദേശിയുടെ 10.86 ലക്ഷം തിരിച്ചുപിടിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ്
ആലപ്പുഴ : കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ മുക്കാൽ കോടിയിൽപരം രൂപയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് തിരികെ പിടിച്ചത്. ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പ്രതികൾ തട്ടിയ 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെ പിടിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുക്കുകയും ചെയ്തു.
രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്. എന്നാൽ അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും ഇനിയും 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 19 നു ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം. അജയകുമാറിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും ബഹു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എൻ അവർകളുടെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകുകയുമായിരുന്നു. 10.86 ലക്ഷം രൂപയാണ് ഇപ്പോൾ പരാതിക്കാരന് തിരികെ കിട്ടിയത്. ഇനിയും കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചിട്ടുള്ളതും ഇത് തിരികെ കിട്ടാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയുമാണ്.
കേസിലെ പ്രതികളെക്കുറിച്ചു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും തമിഴ്നാട് തിരുനെൽവേലി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി സ്വദേശിയുമായ രണ്ടു പ്രതികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിവിധ കേസുകളിലെ പരാതിക്കാർക്കായി ആകെ മുക്കാൽ കോടിയിൽപരം രൂപ ആലപ്പുഴ സൈബർ ക്രൈം പോലീസ് തിരികെ പിടിച്ചു കൊടുത്തിട്ടുണ്ട്.
