അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി

0
GAUTHAM AD

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അദാനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തല്‍. കമ്പനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കും. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് പറഞ്ഞാണ് സെബി തളളിയത്. അദാനി ഗ്രൂപ്പിനെതിരെ ഒരു തരത്തിലുളള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി.

അദാനി കമ്പനികള്‍ ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചതായും അഡികോര്‍പ്പ് എന്റര്‍പ്രൈസസ് വഴി അദാനി പവറിന് ധനസഹായം നല്‍കിയതായും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2020-ല്‍ അദാനി ഗ്രൂപ്പിന് കീഴിലുളള നാല് കമ്പനികള്‍ 6.2 ബില്യണ്‍ രൂപ വായ്പ നല്‍കിയെന്നും അത് സാമ്പത്തിക പ്രസ്താവനകളില്‍ അത് ശരിയായി വെളിപ്പെടുത്തിയില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയ സെബി, അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നും ലിസ്റ്റിംഗ് കരാറോ LODR നിയന്ത്രണങ്ങളോ ലംഘിച്ചിട്ടില്ലെന്നും കണ്ടെത്തി.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അഡികോര്‍പ്പ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗൗതം ശാന്തിലാല്‍ അദാനി, രാജേഷ് ശാന്തിലാല്‍ അദാനി എന്നിവര്‍ക്കാണ് ഉത്തരവ് ബാധകം. അദാനി ഗ്രൂപ്പിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് അവസാനിപ്പിക്കാനാണ് സെബിയുടെ തീരുമാനം.

സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി രംഗത്തെത്തി. തെറ്റായ കഥകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്ന് ഗൗതം അദാനി എക്‌സില്‍ കുറിച്ചു. വഞ്ചനാപരമായ റിപ്പോര്‍ട്ടായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ വേദന താന്‍ മനസിലാക്കുന്നുവെന്നും ഗൗതം അദാനി പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെന്നും സുതാര്യതയും സത്യസന്ധതയുമാണ് അദാനി ഗ്രൂപ്പിന്റെ മുഖമുദ്രയെന്നും ഗൗതം അദാനി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *