കൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തതില്‍ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കലുങ്ക് സദസില്‍ പങ്കെടുക്കവെ തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുള്ളിലെ കലുങ്ക് സദസില്‍ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്ന് സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താൻ ശ്രമം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കുറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അധികാരപരിധിയില്‍ വച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൊടുങ്ങല്ലൂര്‍ തന്റെ മണ്ഡലത്തില്‍ പെട്ടതല്ലെന്നും തന്റെ അധികാര പരിധിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ആ ചേട്ടന് ഒരു വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും വേലായുധന് ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും. ആ പാര്‍ട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും.’ കൊച്ചുവേലായുധന് വീട് വച്ച് നല്‍കാമെന്ന സിപിഐഎം വാഗ്ദാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.
അവിടെയും ഇവിടെയും തെന്നി തെറിച്ച് നില്ക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തടയാന്‍ ശ്രമിക്കേണ്ട എന്നും 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയില്‍ നിന്ന് ഇറങ്ങണം, സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. ചില സിനിമകള്‍ നൂറു ദിവസം ഓടിയിട്ടുണ്ടെങ്കില്‍ അതാണ് ജനങ്ങള്‍ക്ക് താല്പര്യം.’ സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് സംവാദം സൗഹൃദ വേദിയാണെന്നും എതിര്‍ക്കുന്നവർക്കെല്ലാം ഇനി ഇത് ഒരു തീവ്ര ശക്തിയായി മാറുമെന്നും സുരേഷ് ഗോപി. ഇതൊരു താക്കീത് അല്ലെന്നും അറിയിപ്പാണെന്നും പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.