ആഗോള അയ്യപ്പ സംഗമം നടത്തം : സുപ്രീംകോടതി തള്ളി

0
supream court

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് തടസമില്ല. ആഗോള അയ്യപ്പ സംഗമവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി, അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി നടപടി.

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായത്. സമാന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

 

പാരിസ്ഥിതികമായ കാരണങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും മനസിലാക്കി അയ്യപ്പ സംഗമം തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. പമ്പാ തീരം ഒരു പരിസ്ഥിതി ലോല മേഖലയാണ്. വലിയ ജനപങ്കാളിത്തത്തോടെ പരിപാടികള്‍ നടത്തുന്നത് പരിസ്ഥിതിയെ സമ്മര്‍ദത്തിലാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പ സംഗമത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനാല്‍ സംഗമം കോടതി തടയണമെന്നുമാണ് ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചത്. സംഗമം പ്രകൃതിക്ക് ഹാനികരമാകരുതെന്നും വരവ്- ചെലവ് കണക്കുകള്‍ സുതാര്യമാകണമെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *