പീച്ചി പൊലീസ് മര്‍ദനം : എസ്‌ഐ രതീഷിന് സസ്‌പെന്‍ഷന്‍

തിരുവന്തപുരം: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ എസ്‌ഐ പിഎം രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐജിയുടെതാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് പിഎം രതീഷ്.കസ്റ്റഡി മര്‍ദനം ഉണ്ടായി ഒന്നരവര്‍ഷത്തിന് ശേഷമാണ് നടപടി. ആരോപണത്തില്‍ അന്വേഷണം നേരിടുമ്പോഴാണ് രതീഷിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
2023 മേയ് 24നാണ് പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരായ ഔസേപ്പിനെയും മകനെയും എസ്‌ഐയായിരുന്ന രതീഷ് മര്‍ദിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. പിന്നാലെ ഫ്‌ലാസ്‌കിന് അടിക്കാന്‍ ആഞ്ഞുവെന്നും മുഖത്തടിച്ചുവെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിക്കാന്‍ എത്തിയ മകനെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് പരാതി.
മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14നാണ് കിട്ടിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്.