സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും കുടുംബവും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തതുമായി ബന്ധപ്പെട്ട് മുന്‍ എംപി ടിഎന്‍ പ്രതാപനാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നല്‍കിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓഗസ്റ്റ് 12ന് ടിഎന്‍ പ്രതാപന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചത്.
വ്യാജരേഖ ചമച്ചതായുള്ള പരാതി നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും പൊലീസ് ടി എന്‍ പ്രതാപനെ അറിയിച്ചു. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. കമ്മിഷന്റെ ഭാഗത്തുനിന്ന് ഇത്തരം പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ല. ജില്ലാ ഭരണകൂടത്തില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നോ കൂടുതല്‍ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യം വീണ്ടും ആലോചിക്കുമൈന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്