പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രഫഷനല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കി. വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ട്രൂപ്പിന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം.മൂന്നു മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിറ്റില്‍ കൂടാത്തതും ആയ വിഡിയോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ ആണെങ്കില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2 മണിയ്ക്കു മുന്‍പായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് എന്നാണ് ഉത്തരവില്‍ പറയുന്നത്.