സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചു വേലായുധന് സിപിഐഎം വീട് വെച്ച് നല്‍കും

0
KOCHU VELA

തൃശൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചു വേലായുധന് സിപിഐഎം വീട് വെച്ച് നല്‍കും. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദറാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവര്‍ തുറന്നു പോലും നോക്കാതെ ‘നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി’എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഐഎം നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പാര്‍ട്ടിക്കു വേണ്ടി ഈ ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേര്‍പ്പ് പുള്ളില്‍ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധന്‍ ഒരു കവറില്‍ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനില്‍ നിന്ന് നിവേദനമടങ്ങിയ കവര്‍ വാങ്ങി വായിക്കാന്‍ പോലും മിനക്കെടാതെ വീട് നിര്‍മ്മാണ പ്രശ്‌നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു, അബ്ദുല്‍ഖാദര്‍ പറഞ്ഞു. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് നിവേദനം നല്‍കാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍ അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കൊച്ചു വേലായുധന്‍ നിവേദനവുമായി വരുമ്പോള്‍ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്‍കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല്‍ നിവേദനം നല്‍കിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വലിയ ചര്‍ച്ചയാണ് ഈ ദൃശ്യങ്ങള്‍ ഉണ്ടാക്കിയത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സില്‍ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *