ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി

ബിജു വിദ്യാധരൻ
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന ഉത്സവമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കുന്നു. ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തുകളിലും അതുപോലെ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരു ദൈവീക കഥാപാത്രമാണ്.
ഭാഗവതപ്രകാരം കൃഷ്ണൻ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ വിഷ്ണുവിനെപ്പോലെ ചക്രധാരിയായി പലയിടത്തും പ്രകടമാകുന്നുണ്ട്. ഭഗവദ്ഗീത, ഭാഗവതം, ഹരിവംശം, വിഷ്ണുപുരാണം, ബ്രഹ്മവൈവർത്തപുരാണം, ഉപനിഷത്തുക്കൾ, നാരായണീയം എന്നിവകളിൽ കൃഷ്ണന്റെ മഹത്ത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനെപ്പോലെ സർവ്വവ്യാപിയായും സർവ്വദേവതാമയനായും കൃഷ്ണൻ കരുതപ്പെടുന്നു . മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ കൃഷ്ണൻ വിശ്വരൂപദർശനത്തിലൂടെ തന്റെ സർവേശ്വരത്വം അർജുനന് വെളിപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു.
പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 നാണ്.ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു. എന്നാൽ ചരിത്രപരമായി (യഥാർത്ഥത്തിൽ) ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം 970 ബിസി – 900 ബിസി കാലഘട്ടത്തിൽ ഇരുമ്പ് യുഗത്തിൽ ആയിരുന്നു. ഇത് അഥർവവേദം രചിക്കപ്പെടുന്ന കാലം ആണ്. ബി.സി.650-നടുത്ത് രചിക്കപ്പെട്ട ഛന്ദോഗ്യ ഉപനിഷത്തിലെ 3.17.6-ൽ കൃഷ്ണനെ കുറിച്ച് പരാമർശം ഉണ്ട്. കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ (യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കൃഷ്‌ണൻ കൽത്തുറങ്കലിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു. പകരം രോഹിണിയുടേയും നന്ദഗോപരുടെയും മകളായി അവതരിച്ച സാക്ഷാൽ ആദിപരാശക്തിയായ യോഗമായ ഭഗവതിയെ ദേവകിയുടെ സമീപം എത്തിച്ചു. ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടാായ വസുദേവരുടേയും ദേവകിയുടേയും പുത്രി) രക്ഷപ്പെടുന്നു. ഭാഗവതപുരാണപ്രകാരം ശ്രീകൃഷ്ണ ജനനം ദേവകിയുടേയും വസുദേവരുടേയും മാനസികസംയോഗം മൂലമാണ് ഉണ്ടായത്. കാരാഗ്രഹത്തിൽ മഹാവിഷ്ണു ഇരുവർക്കും മുന്നിലായി പ്രത്യക്ഷപെട്ടു താൻ പുത്രനായി അവതരിക്കുമെന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്.
കൃഷ്ണോപനിഷത്തിൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു. സച്ചിതാനന്ദനായ ശ്രീരാമദേവനെ കണ്ട് വനവാസികളായ മുനിമാർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . അങ്ങ് ആജ്ഞാപിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും ഭൂമിയിൽ ജന്മമെടുക്കാം. ഗോപന്മാരായും ഗോപികമാരായും ജനിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം . അങ്ങയുടെ സാമീപ്യവും ശരീരസ്പര്ശവും കൊണ്ട് പരമാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകണം. അതനുസരിച്ചു മുനിജനങ്ങൾ ഗോപാലന്മാരായും , മുനിപത്നിമാർ ഗോപികകളായും , കശ്യപമുനി വസുദേവനായും, അദ്ദേഹത്തിൻറെ ഭാര്യയായ അദിതി ദേവകിയായും ജനിച്ചു. ഇത് കൂടുതൽ യുക്തിക്കു യോജിക്കുന്നതുമാണ്. കാരണം ഒരിക്കൽ ഹനുമാന് ശ്രീകൃഷ്ണൻ തന്റെ രാമഭാവം കാണിച്ചു കൊടുക്കുന്നുണ്ട്. ആ സമയം രുക്മിണിയായിരുന്നു സീതാഭാവം കൈകൊണ്ടത്. രുക്മിണി സാക്ഷാൽ ലക്ഷ്മീദേവിയുമാണല്ലോ. സീതയും ലക്ഷ്മിയുടെ അംശമായിരുന്നു. ശ്രീരാമദേവൻ വിഷ്ണുവിന്റെ അവതാരവുമാണ്.