താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി : പാര്‍ക്കിങ്ങ് അനുവദിക്കില്ല

0
THAMARASSERY CHURAM

കോഴിക്കോട്: മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്നു മുതല്‍ കടത്തിവിടും. മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളാണ് നിയന്ത്രണ വിധേയമായി കടത്തിവിടുക. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായി. ചുരത്തിലൂടെ ചരക്കു വാഹനങ്ങള്‍ കടത്തി വിടുന്നതിനാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരേ സമയം ഇരുവശത്ത് നിന്നും ചരക്കുവാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ല. മണ്ണിടിച്ചില്‍ ഉണ്ടായ ഒമ്പതാം വളവില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയായിരുന്നു ചുരത്തില്‍ മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചില്‍ ഉണ്ടായതിന് പിന്നാലെ ചുരത്തില്‍ ഗതാഗതം നിരോധിച്ചിരുന്നു. റോഡിലേക്ക് ഇടിഞ്ഞു വീണ പാറകളും കല്ലുകളും നീക്കിയതിന് പിന്നാലെ ചെറു വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിലവില്‍ മഴയുള്‍പ്പെടെ കുറഞ്ഞ സാഹചര്യം വിലയിരുത്തിയാണ് പാത വീണ്ടും തുറക്കാന്‍ ധാരണയായത്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍, കണ്ണൂര്‍ റോഡ് എന്നിവയിലൂടെ തിരിച്ചു വിട്ടായിരുന്നു ഗതാഗതം ക്രമീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *