റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസ് ആക്രമണം: ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹൻ പിടിയിൽ

0
REPORTTV A

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിന് നേതൃത്വം നൽകിയ ഒന്നാം പ്രതി മിഥുൻ മോഹൻ പിടിയിൽ. തമ്പാനൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. റിപ്പോർട്ടർ ടിവി ഓഫീസ് ആക്രമിച്ചതിന് ശേഷം കടന്ന് കളഞ്ഞ മിഥുനെ തമ്പാനൂരിൽ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. എംഎൽഎ ഹോസ്റ്റലിൽ എത്തി ഒളിവിലിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഥുൻ മോഹൻ തൃശൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതെന്നാണ് വിവരം. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മിഥുൻ മോഹൻ. കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റുമായ വിഷ്ണു ചന്ദ്രനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തേക്കിൻകാട് നിന്നുമാണ് വിഷ്ണു ചന്ദ്രനെ പൊലീസ് പിടികൂടിയത്. ഇനി നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഒന്നു മുതൽ ആറ് വരെ പ്രതികളായ മിഥൻ മോഹൻ, വിഷ്ണു ചന്ദ്രൻ, കെ സുമേഷ്, സൗരാ​ഗ്, നിഖിൽ ദേവ്, അമൽ ജയിംസ് എന്നീ പ്രതികൾ റിപ്പോർട്ടർ ടി വിയുടെ തൃശൂർ ബ്യൂറോ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിന്റെ പ്രവേശന ഭാഗത്ത് കരിഓയിൽ ഒഴിക്കുകയും, ഓഫീസ് ഡോറിന് കേടുപാടുകൾ വരുത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. റിപ്പോർട്ടർ ടി വിയുടെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ കൊടി നാട്ടുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *