വീണ്ടും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ ആക്രമണം ; ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി എന്ന് പരാതി
കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ മർദനമേറ്റ വിദ്യാർത്ഥിയെ ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി അക്രമികൾ.ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സി.ആര്‍.അമൽ എന്ന വിദ്യാർത്ഥിയെ ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മുഖത്തും മർദിച്ചെന്നാണ് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനം.
എന്നാൽ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അമല്‍ ഇടപെട്ടിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു. കോളജിനു പുറത്ത് മറ്റൊരു വീടിന്റെ മുറ്റത്തുവച്ചാണ് അമലിന് മർദനമേറ്റത്. അമലിനൊപ്പം രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ അവിടെ തടഞ്ഞുനിർത്തി. തുടർന്ന് കോളജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ചേർന്നാണ് മർദിച്ചത്. അക്രമികൾ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. മർദന വിവരം മറച്ച് വെച്ച് ബൈക്കപകടമാണെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയൽ എത്തിച്ചതെന്ന് അമലിന്റെ മാതാപിതാക്കൾ ആരോപിച്ചു.ഈ കാര്യം അന്വേഷിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.