ട്രംപിന്‍റെ വിശ്വസ്തന്‍ ഇന്ത്യയിലേക്ക്

വാഷിങ്ടന്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ പേഴ്‌സണല്‍ ഡയറക്ടറാണ് സെര്‍ജിയോ ഗോര്‍. സൗത്ത്-സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സിനുള്ള പ്രത്യേക പ്രതിനിധിയുടെ ചുമതലയും അദ്ദേഹം വഹിക്കും.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഗോറിനെ നിയമിച്ച വിവരം അറിയിച്ചത്.ഇന്ത്യയുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, എന്റെ അജണ്ട നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും എനിക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കണം, അത് പ്രധാനമാണ്’ ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തെക്ക് മധ്യ ഏഷ്യയുടെ പ്രതിനിധിയായും സെര്‍ജിയോ ഗോറിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. സെര്‍ജിയോ ഒരു അസാധാരണ അംബാസഡറായി മാറുമെന്നും ട്രംപ് കുറിച്ചു.
അമേരിക്കന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്നെ അഭിമാനകരമായ കാര്യമാണെന്ന് ഗോര്‍പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പദവിയില്‍ നിയമിക്കുകയും ചെയ്ത ട്രംപിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധം ട്രംപും ഗോറും തമ്മിലുണ്ട്. ട്രംപിന്റെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഗോറിന്റെ പബ്ലിഷിങ് ഹൗസാണ്. എറിക് ഗാര്‍സെറ്റിയുടെ പിന്‍ഗാമിയായാണ് ഗോറെത്തുക. മെയ് 11 2023 മുതല്‍ 2025 ജനുവരി വരെയായിരുന്നു എറിക് ഗാര്‍സെറ്റി ഇന്ത്യയുടെ അംബാസഡറായിരുന്നു.