പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്പീക്കർ എ എം ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.
2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന് പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.