മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ : സുപ്രീം കോടതി

0
TOLL GATE

ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന ചോദ്യമാവര്‍ത്തിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.

നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ചുണ്ടിക്കാട്ടി.

12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായെന്നാണ് മാധ്യമ വാര്‍ത്തകളെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. ലോറി അപകടത്തെ തുടര്‍ന്നാണ് ഇത്രയും നീണ്ട ഗതാഗതക്കുരുക്കിന് കാരണമായതെന്നും മണ്‍സൂണ്‍ കാരണം റിപ്പയര്‍ നടന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു. ടോള്‍ തുക എത്രയെന്ന് കോടതി ആരാഞ്ഞു. ജഡ്ജി ആയതുകൊണ്ട് താന്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന പറഞ്ഞ ചീഫ് ജസ്റ്റിസ് ജനങ്ങളുടെ കാര്യം അങ്ങനെയല്ലെന്നും വ്യക്തമാക്കി. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയപ്പോള്‍ ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

സര്‍വീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ആണ് കരാര്‍ ഉള്ളത്. ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാര്‍ കമ്പനി ചോദിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ടോള്‍ പിരിവ് നിര്‍ത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *