സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ഗോപി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
സിദ്ധാർത്ഥിന് നേരെയുണ്ടായ പ്രശ്നങ്ങളും അനിതീയും സുരേഷ് ഗോപി പിതാവിനോട് ചോദിച്ചറിഞ്ഞു. കുടുംബത്തെ സമാശ്വസിപ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സിദ്ധാർത്ഥിന്റെ മരണം ദാരുണ സംഭവമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. പ്രതികൾ അതിക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണം. അവരുടെ മാതാപിതാക്കളെ ഓർത്തും ദുഃഖിക്കാൻ മാത്രമേ സാധിക്കൂ. അവർ എന്ത് തെറ്റ് ചെയ്തു. സിദ്ധാർത്ഥിന്റെ മരണം ആ കുടുബത്തിന് മാത്രം സംഭവിച്ച ആഘാതമല്ല, അധ്യയനത്തിലേർപ്പെട്ടിരിക്കുന്ന മക്കൾ ഉള്ള എല്ലാ അച്ഛനമ്മമാരെയും ഇത് ബാധിച്ചിട്ടുണ്ട്. ഈ ഒരവസ്ഥയ്‌ക്ക് തീർപ്പ് കൽപ്പിക്കണം. ഈയൊരു മനോഭാവം, ഈയൊരു അന്തരീക്ഷം സംജാതമാകാൻ പാടില്ല- സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 18 പ്രതികളും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.