കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം :സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കണമെന്ന് ഹൈക്കോടതി. അതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂര്‍ അല്ല കണക്കാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ് പിടികൂടിയ ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തതോ അയാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതോ ആയ സമയം മുതലാണ്. അല്ലാതെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല. അന്വേഷണത്തിന്റെ മറവില്‍, അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്ന രീതിയാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ അധികാരത്തിന്റെ ഈ കാലഘട്ടങ്ങളിലാണ് സാധാരണയായി പൊലീസ് ക്രൂരതകള്‍ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കില്‍, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി കാലയളവുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.