ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി

കൊച്ചി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മരിയയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ തൃശൂരില്‍ എത്തിയ സുരേഷ് ഗോപി കോതമംഗലത്തേക്ക് പോകുന്നതിനിടെയാണ് അങ്കമാലിയിലെ സിസ്റ്റര്‍ പ്രീതി മരിയയുടെ വീട്ടിലെത്തിയത്. പത്ത് മിനിറ്റിലേറെ വീട്ടില്‍ ചെലവഴിച്ച സുരേഷ് ഗോപി മരിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബിജെപിയുടെ പ്രാദേശിക നേതാക്കളും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സ്ഥലം എംപി എന്ന നിലയില്‍ സുരേഷ് ഗോപി ഇടപെട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. അതേസമയം, സുരേഷ് ഗോപി തങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചെങ്കിലും സിസ്റ്റര്‍ പ്രീതി മരിയ ഇപ്പോഴും ഛത്തീസ്ഗഢില്‍ തുടരുകയാണ്. അങ്കമാലിയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരനുമാണുള്ളത്.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ജൂലൈ 25നാണ് ഛത്തീസ്ഗഡിലെ ദര്‍ഗില്‍ അറസ്റ്റിലായത്. മനുഷ്യക്കടത്ത് ഉള്‍പ്പടെ ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ ജയിലില്‍ അടച്ചത്.