ഗവര്‍ണറും സര്‍ക്കാരും പരിധി വിടരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം തങ്ങള്‍ നടത്താമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയിലേക്കായി നാലു വീതം പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി കേരള സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കി.
സാങ്കേതിക സര്‍വകാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിസി നിയമനം തര്‍ക്ക വിഷയമാക്കി മുന്നോട്ടു കൊണ്ടുപോകരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം. തര്‍ക്കം പരിധി കടന്നുപോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയെ തങ്ങള്‍ അഭിപ്രായം തേടി നിയമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.