ആണവസാമഗ്രികളുമായി പാക്കിസ്ഥാനിലേക്ക് പോയ കപ്പൽ മുംബൈയിൽ തടഞ്ഞു

0

മുംബൈ: ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. പാക്കിസ്ഥാന്‍റെ ആണവ- ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെത്തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കപ്പലിൽ കണ്ടെത്തി.

കപ്പൽ പരിശോധിച്ച ഡിആർഡിഒ സംഘവും ഇവ പാക്കിസ്ഥാന്‍റെ ആണവപദ്ധതിക്ക് ഉപയോഗിക്കാനാകുമെന്നാണു വിലയിരുത്തുന്നത്. പാക്കിസ്ഥാന്‍റെ മി‌സൈൽ വികസന പദ്ധതിക്കും ഇവ നിർണായകമെന്നു ഡിആർഡിഒ. ‘ഷാങ്ഹായ് ഗ്ലോബൽ ലോജിസ്റ്റിക്സി’ൽനിന്ന് സിയാൽകോട്ടിലുള്ള പാക്കിസ്ഥാൻ വിങ്സിലേക്ക് അയച്ച സാധനസാമഗ്രികളാണിവ.

രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് സിഎൻസി മെഷീനുകൾ. സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുള്ള കരാറിൽ ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. ഉത്തര കൊറിയ അവരുടെ മിസൈൽ പദ്ധതികളിൽ സിഎൻസി മെഷീനുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് തുറമുഖ അധികൃതർ, പ്രതിരോധ ഏജൻസികൾക്ക് വിവരം കൈമാറുകയായിരുന്നു. പാക്കിസ്ഥാൻ, ചൈന ആണവ വ്യാപനം തടയുന്നതിനു കീഴിലാണ് ഇപ്പോഴത്തെ നടപടിയെന്ന് അധികൃതർ.

ഇന്ത്യൻ തുറമുഖത്ത് ഇതാദ്യമല്ല ചൈനയിൽ നിന്നു പാക്കിസ്ഥാനിലേക്കുള്ള ആണവ സാമഗ്രികൾ തടയുന്നത്. 2022ൽ പാക് പ്രതിരോധ സാമഗ്രികളുടെ വിതരണക്കാരായ കോസ്മോസ് എൻജിനീയറിങ്ങിന്‍റെ കപ്പൽ നവഷേവ തുറമുഖത്ത് തടഞ്ഞിരുന്നു. യൂറോപ്പും യുഎസും ഏർപ്പെടുത്തിയ ആണവ- മിസൈൽ ഉപരോധം മറികടക്കാനുള്ള മാർഗമായി പാക്കിസ്ഥാൻ ചൈനയെ ഉപയോഗിക്കുകയാണെന്ന് അധികൃതർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *