ഫേസ്ബുക്കില്‍ എഴുതിയത് കവിതയെന്ന് വിനായകന്‍

0
vinayakan

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകന്‍ പൊലീസിന് നല്‍കിയത്. കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബര്‍ പൊലീസ് വിട്ടയച്ചു. ഒന്നര മണിക്കൂറാണ് വിനായകനെ സൈബര്‍ പൊലീസ് ചോദ്യംചെയ്തത്. വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിസോ ജോസഫ് വിനായകനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനായകനെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിവാദ പരാമര്‍ശങ്ങളും അധിക്ഷേപവര്‍ഷവും നടത്തുന്ന വിനായകനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിനായകന്‍ പൊതുശല്യമാണെന്നും പിടിച്ചുകൊണ്ടുപോയി ചികിത്സിക്കണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വി എസ് അച്യുതാനന്ദന്റെ സംസ്‌കാരദിവസം ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ക്കെതിരെയാണ് വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ വിനായകന്‍ അശ്ലീല പോസ്റ്റിട്ടിരുന്നു. അതിനെതിരെ ഗായകന്‍ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു. തുടര്‍ന്ന് ഇതിന് ക്ഷമചോദിച്ച് പോസ്റ്റിട്ടെങ്കിലും വീണ്ടും മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. നിരന്തരം സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെങ്കിലും നടനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് കൊച്ചി സൈബര്‍ പൊലീസ് വിട്ടയക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *