ആഘോഷ പൊലിമയോടെ പ്രവേശനോത്സവം നടന്നു

മുംബൈ: മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ പ്രവേശനോത്സവം മലാഡ് വെസ്റ്റില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് വലിയ പള്ളി ഹാളില്‍ വച്ച് നടന്നു. ബാന്ദ്ര-ദഹിസര്‍ മേഖലയിലെ പഠനകേന്ദ്രങ്ങളിലെ പുതിയ പഠിതാക്കളും നിലവിലുള്ള പഠിതാക്കളും രക്ഷകർത്താക്കളും സമാജം ഭാരവാഹികളും അദ്ധ്യാപകരും മിഷൻ പ്രവർത്തകരും പങ്കെടുത്തു.
മേഖല പ്രസിഡന്റ് വി.വി ശ്രീധരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേഖല സെക്രട്ടറി ആശ മേനോന്‍ സ്വാഗതം പറഞ്ഞു.. കഴിഞ്ഞ കാലയളവില്‍ ഇഹലോകവാസം വെടിഞ്ഞ കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയും മലയാളം മിഷന്‍ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങ ളെയും അനുസ്മരിച്ച് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ബീന തുണ്ടില്‍ സംസാരിച്ചു.
പ്രവേശനോത്സവത്തിന് നാന്ദി കുറിച്ചുകൊണ്ട് മേഖലയിലെ അദ്ധ്യാപകര്‍ മലയാള മിഷന്‍ അവതരണ ഗാനം ആലപിച്ചു. തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുംബൈ ചാപ്റ്ററിന്‍റെ ഈ വര്‍ഷത്തെ പ്രവേശനഗാനമാലപിച്ചു. മേഖല പ്രസിഡന്റ് വി.വി ശ്രീധരന്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ഭാഷ പഠിക്കാന്‍ മുന്നോട്ടു വരുന്ന വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. ബീന തുണ്ടില്‍ ഭാഷാ പ്രതിജ്ഞ സദസിനു ചൊല്ലിക്കൊടുത്തു.
സെന്റ് തോമസ് ഓര്‍ത്തോഡോക്സ് വലിയ പള്ളി വികാരി റവ. ഫാദര്‍ സജീവ് കെ. വര്‍ഗ്ഗീസ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാള ഭാഷ അമ്മക്ക് തുല്യമാണെന്നും ഭാഷ സംസാരിക്കുമ്പോള്‍ അമ്മയുടെ തലോടലായാണ് അനുഭവപ്പെടുന്നതെന്നും ഫാദര്‍ സജീവ് കെ. വര്‍ഗ്ഗീസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സുകൃതം, പ്രകൃതം, വികൃതം, നമസ്കാരം, തത്ത്വമസി തുടങ്ങിയ വാക്കുകള്‍ അര്‍ത്ഥവത്തായി മലയാളത്തില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ പുതിയ തലമുറയെ ഭാഷ അഭ്യസിപ്പിക്കാനായി നിസ്വാര്‍ഥ സേവനമനുഷ്ഠിക്കുന്ന മലയാളം മിഷന്‍ അദ്ധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു.
“കലാം Std V B” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നാല്‍പ്പത്തെട്ടാം ഫിലിം ക്രിടിക്സ് അവാര്‍ഡ് നേടിയ ബോറിവലി മലയാളി സമാജം പഠനകേന്ദ്രത്തിലെ സൂര്യകാന്തി പഠിതാവ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോവിനെ വേദിയില്‍ ആദരിച്ചു.
തുടര്‍ന്ന്, ധാന്‍ബാദ് ഐ.ഐ.ടി (ഐ.എസ്.എം) ല്‍ നിന്ന് ആദ്യമായി മാസ്റ്റേഴ്സ് ഇന്‍ ബിസിനസ് അനലിടിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി, ബഹു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങിയ സമതനഗര്‍ പഠനകേന്ദ്രത്തിലെ പൂര്‍വ്വവിദ്യാര്‍ഥി പ്രേക്ഷ പ്രകാശിനെ ആദരിച്ചു. കഴിഞ്ഞ വര്‍ഷം കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകള്‍ വിജയിച്ച വിദ്യാര്‍ഥികളെ മിനി വില്‍സണ്‍ പരിചയപ്പെടുത്തി. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യാതിഥി വിതരണം ചെയ്തു.
സെന്റ് തോമസ് ഓര്‍ത്തോഡോക്സ് വലിയ പള്ളി സഹ വികാരി റവ. ഫാദര്‍ ജെറിന്‍ ജോണ്‍, കാന്തിവലി മലയാളി സമാജം വൈസ് ചെയര്‍മാന്‍ മുരളീധരന്‍, ദഹിസര്‍ ഇമ്മനുവല്‍ മാര്‍ത്തോമ ചര്‍ച്ച് വികസന സംഘം സെക്രട്ടറി വില്‍സണ്‍ കരിമ്പനൂര്‍, സാന്താക്രൂസ് മലയാളി സമാജം സെക്രട്ടറി കുസുമകുമാരി അമ്മ, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി റീന സന്തോഷ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
സഹാര്‍ മലയാളി സമാജം പ്രസിഡന്റ് കെ.എസ് ചന്ദ്രസേനന്‍, സമത നഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് നായര്‍, സാന്താക്രൂസ് മലയാളിസമാജം രക്ഷാധികാരി ജയറാം, അന്ധേരി ഈസ്റ്റ് സെന്റ് ജോസഫ്സ് ചര്‍ച്ച് പ്രഥമ ട്രസ്റ്റി ശ്രീ ഷിബു ദേവസി, കുറാര്‍ മലാഡ് മലയാളി സമാജം സെക്രട്ടറി വന്ദന സത്യന്‍, സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ ബാലകൃഷ്ണന്‍, ഗോരേഗാവ് വിവേക് വിദ്യാലയത്തിന്റെ പ്രതിനിധികളായ ജീവ ടീച്ചര്‍, അര്‍ച്ചന ടീച്ചര്‍, സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി മാല്‍വണി യൂണിറ്റിന്റെ പ്രതിനിധി ഷാജി ഉമ്മന്‍, അന്ധേരി ഈസ്റ്റ് സെന്റ് ജോസഫ്സ് ചര്‍ച്ച് ട്രസ്റ്റി ശ്രീമതി സജിത ജോസഫ് എന്നിവരും വേദി പങ്കിട്ടു.
ഈ വര്‍ഷം പുതുതായി ക്ലാസുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെ സദസിനു പരിചയപ്പെടുത്തി. തുടര്‍ന്ന് പഠിതാക്കളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വിവിധ കലാപരിപാടികളും ഭാഷാ പഠനത്തിനുതകുന്ന സമൂഹഗാനങ്ങളും അവതരിപ്പിച്ചു.
ഗീത ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.. മേഖല കോര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍, സെക്രട്ടറി ആശ മേനോന്‍, മുംബൈ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി റീന സന്തോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.