ഇന്ത്യാ സഖ്യ പ്രതിഷേധ മാർച്ച്; അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് കൊള്ളയും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിലും പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തുന്ന മാർച്ചിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം പ്രതിഷേധ മാർച്ച് നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു അഭ്യർഥനയോ അപേക്ഷയോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.അതേസമയം, ‘വോട്ട് ചോരി’ ആരോപണത്തില്‍ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. പാർലമെൻ്റിൻ്റെ മകർദ്വാറിൽനിന്ന് രാവിലെ 11.30ന് ആരംഭിച്ച റാലി കമ്മിഷൻ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനുപിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ വോട്ടർപട്ടികയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് വോട്ട് തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ച പ്രതിഷേധം നടത്തിയിരുന്നു.
അന്ന് എംപിമാർ പാർലമെൻ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നുവെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ് പറഞ്ഞു.