തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് വൻ പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം, സംഘര്‍ഷാവസ്ഥ

0
delhi 1

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാർ പ്രഖ്യാപിച്ച മാർച്ച് ആരംഭിച്ചു. പാർലമെൻ്റിൽ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ‘വോട്ട് ചോരി’ വിഷയത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ചില്‍ പങ്കെടുക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും (എസ്ഐആർ) മുൻനിർത്തിയാണു പ്രതിഷേധം.പാർലമെൻ്റിൻ്റെ മകർദ്വാറിൽനിന്ന് രാവിലെ 11.30ന് ആരംഭിച്ച റാലി കമ്മിഷൻ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. മാര്‍ച്ചിനടയില്‍ പ്രതിഷേധക്കാരും പൊലീസും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവുമായെത്തിയ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ കമ്മിഷണറെ കാണണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്‌ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാർക്കും സന്ദർശനം അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ചില എംപിമാർ ബാരിക്കേട് കടക്കാൻ ശ്രമിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലവിലുള്ളത്.പ്രതിഷേധ മാർച്ചിൽ രാജ്യസഭ, ലോക്‌സഭാ എംപിമാർ ഉള്‍പ്പെടെ പങ്കെടുത്തു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാഠി തുടങ്ങിയ ഭാഷകളിലെ പോസ്റ്ററുകളുമായാണ് പ്രതിഷേധം. വോട്ട് ചോരി വിഷയത്തിൽ ജനപിന്തുണയ്ക്കായി കോൺഗ്രസ് ഇന്നലെ ഒരു പോർട്ടൽ പുറത്തിറക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

കൂടാതെ കോൺഗ്രസ്, സമാജ്‍‌വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി(എസ്‌പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനൽ കോൺഫറസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്കുള്ള മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബ്ലോക്ക് പാർട്ടി സഖ്യം പ്രതിഷേധവുമായി കമ്മിഷനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ചർച്ചയുടെ അജൻഡ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാനും ഇലക്ഷൻ കമ്മീഷൻ്റെ അറിയിച്ചിരുന്നു. ശകുൻ റാണി എന്ന എഴുപത്കാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണത്തിൽ രേഖ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കർണ്ണാടക സിഇഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു. 30,000 കള്ള മേൽവിലാസമെന്ന വാദം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും, രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇലക്ഷൻ കമ്മീഷൻ്റെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ എംപിമാർ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *