മെഡിക്കൽ ഷാപ്പിൽ 5 രൂപയെന്ന് കരുതി പെൺകുട്ടി നൽകിയത് സ്വർണനാണയം: ഒടുവിൽ നാണയം തിരിച്ചു കിട്ടി

പാലക്കാട് :അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകൾ മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം.വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം പോയതറിഞ്ഞത്. പിന്നീടങ്ങോട്ട് സിനിമക്കഥാ പോലെയാണ് സംഭവങ്ങളുണ്ടായത്. ഒടുവിൽ സ്വർണ നാണയം തിരിച്ചു കിട്ടി.കഴിഞ്ഞ ദിവസം ബാങ്കിൽ പണയം വെച്ച സ്വർണനാണയം തിരികെയെടുത്ത് വരുന്ന വഴിയിൽ അച്ഛന് മരുന്നു വാങ്ങാനാണ് കൂറ്റനാട് സ്വദേശിനിയായ പെൺകുട്ടി മെഡിക്കൽ സ്റ്റോറിൽ കയറിയത്. അഞ്ച് -രൂപ നാണയത്തിനോടൊപ്പം സ്വർണനാണയവും ബിൽ തുകയായി കടക്കാരന് നൽകി.വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം നഷ്‌ടപ്പെട്ട കാര്യമറിയുന്നത്. പരിഭ്രാന്തയായ പെൺകുട്ടി പാലക്കാട്ട് പൊലീസ് ഓഫീസറായ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സുഹൃത്തും പൊതുപ്രവർത്തകനുമായ രവി കുന്നത്തിനോടു കാര്യം പറഞ്ഞു.രവി തൻ്റെ സുഹൃത്ത് അജയനുമൊത്ത് കൂറ്റനാട്ടെ മെഡിക്കൽ സ്റ്റോറിലെത്തി കാര്യമറിയിച്ചു. മെഡിക്കൽ സ്റ്റോർ ഉടമയും 10 രൂപ നാണയമാണെന്നു കരുതി തുക മേശയിൽ മേശയിൽ വെക്കുകയായിരുന്നു. പിന്നീട് കടയിൽ വന്ന ആർക്കോ നാണയങ്ങൾ കൊടുത്തെന്നും പറഞ്ഞു. ഉടൻ നിരീക്ഷണ ക്യാമറ പരിശോധിച്ച് കടയിൽ വന്നുപോയവരുടെ പട്ടികയെടുത്തു.കൂറ്റനാട്ടുള്ള ഒരാളുടെ കൈവശംനിന്ന് സ്വർണ്ണ നാണയം കണ്ടെത്തി. സംസാരിച്ചപ്പോൾ കാര്യം മനസിലായ ആൾ ആദ്യം അമ്പരന്നെങ്കിലും സ്വ൪ണനാണയം രവിക്കു തിരികെ നൽകി. തുടർന്ന് മെഡിക്കൽ സ്റ്റോറിനുസമീപം കാത്തുനിന്ന പെൺകുട്ടിക്ക് സ്വർണനാണയം കൈമാറി. സ്വർണ്ണ നാണയം കണ്ടെത്തി നൽകാൻ പ്രയത്നിച്ച രവി കുന്നത്ത്, അജയൻ എന്നിവരെ നാട്ടുകാ൪ ആദരിച്ചു.