വോട്ടുമോഷണ ആരോപണം – “രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം” : തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി രേഖാമൂലമുള്ള പ്രസ്‌താവനയില്‍ ഒപ്പിടുകയോ (സത്യാവാങ്മൂലം) അല്ലെങ്കില്‍ “വ്യാജ” ആരോപണം ഉന്നയിച്ചതിന് രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ട് കൊള്ള നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രതികരണം.
കർണാടകയിലെയും മഹാരാഷ്‌ട്രയിലെയും ചീഫ് ഇലക്ഷൻ ഓഫിസർമാർ സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയയ്ക്കുകയും ചെയ്‌തു. എല്ലാ തെളിവുകളും സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക, മഹാരാഷ്‌ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായോ വ്യാജമായി ഉൾപ്പെടുത്തിയതായോ അവകാശപ്പെടുന്നവരുടെ പേരുകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് സത്യാവാങ്‌മൂലമായി നൽകണമെന്ന് ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി ഔപചാരികമായി പരാതി നൽകുകയോ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ലോക്‌സഭയിൽ നിന്ന് രാജിവയ്ക്കുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. “തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അവർ ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടിവരും, ചിലപ്പോൾ അവർ ഇവിഎമ്മുകളെയും, ചിലപ്പോൾ വിവിപാറ്റിനെയും, ചിലപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തും, ചിലപ്പോൾ അവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വസ്‌തുതകളില്ലാതെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യും,” ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെയും വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി ആദ്യം ലോക്‌സഭാംഗത്വം രാജിവെയ്ക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം തെളിവ് നൽകാൻ അദ്ദേഹം വിസമ്മതിച്ചു എന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സത്യസന്ധതയെക്കുറിച്ച് യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നുവെന്ന് കോടതിയുടെ മുൻ വിധിന്യായത്തിലെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഒരു നിഷ്‌പക്ഷ സ്ഥാപനമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രശസ്‌തി നേടിയിട്ടുണ്ടെന്നത് രേഖാമൂലമുള്ള കാര്യമാണെന്നും ബിജെപി വക്താവ് പറഞ്ഞു.