“അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണം”: ശ്വേത മേനോനെ പിന്തുണച്ച് ഗണേഷ്‌കുമാർ

എറണാകുളം :: നടി ശ്വേത മേനോനെതിരായ കേസില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്രത്തില്‍ പേര് വരാനുള്ള നീക്കമാണ് ഈ കേസെന്നും അദ്ദേഹം ആരോപിച്ചു. അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ‘അമ്മ’ സ്ത്രീകള്‍ക്കെതിരായ സംഘടനയാണെന്ന ധാരണ മാറാൻ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറ്റാൻ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. സ്ത്രീകള്‍ അധികാര സ്ഥാനത്തേക്ക് എത്തുമ്ബോള്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. കുക്കു പരമേശ്വരന് എതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചോ മെമ്മറി കാർഡിനെ കുറിച്ചോ അറിയില്ല. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കെെകാര്യം ചെയ്യും. ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്. അമ്മ തിരഞ്ഞെടുപ്പില്‍ സമയം കിട്ടിയാല്‍ വോട്ട് ചെയ്യും’- ഗണേഷ്കുമാർ പറഞ്ഞു.